Thursday, February 12, 2009

ഒരു ദിവസം

"എന്‍റെ അടുക്കളചില്ലിനപ്പുറം ഒരു ചെറു തെരുവാണ്...
ചെറുതല്ലാത്ത മനുഷ്യക്കോലങ്ങള്‍ ഒറ്റയ്കും കൂട്ടമായും...
തെരുവില്‍ തലതല്ലി ക്കളിക്കുന്ന "കുട്ടി പിശാശുക്കള്‍...."
എന്‍റെ പകല്‍ ചിത്രം ഈ ജാലകച്ചില്ലിലൂടെ.......

ജാലകതിന്നിപ്പുറം......
കര്‍ട്ടനുകള്‍മാറ്റാത്ത എന്‍റെ കിടപ്പറയും
നീലയും വെള്ളയും കലരുന്ന ആകാശവും
അതിലേയ്ക്ക് എത്തിച്ചു നോക്കുന്ന ഞാനും എന്‍റെ പൂച്ചയും...
തുടരെ പാടിക്കൊണ്ടിരിക്കുന്ന റേഡിയോ ......

ഒരു മുറിപ്പാടുപോലെ ആകാശത്തിലിടയ്കിടെ തെളിയുന്ന യന്ത്രപ്പക്ഷികള്‍....
ഒരു നേര്‍ത്ത തണുപ്പ് നല്കുന്ന ഓര്‍മ്മപ്പുതപ്പും...
അതിനടിയില്‍ നൂഴ്ന്നിറങ്ങും എന്‍റെ സ്വപ്നങ്ങളും...
വിരല്‍ തുമ്പില്‍ തെളിയുന്ന മലയാളത്തിന്‍റെ
തെറ്റുകള്‍ മായ്ക്കുന്ന "ബായ്ക്ക് സ്പേസ് ..." ഉം ....
ഒരു സ്ക്രീനിനു അപ്പുറത്തെ ലോകത്തെ ദൂതുകളും...വര്‍ത്തമാനങ്ങളും
നിറഞ്ഞും തെളിഞ്ഞും ഇതൊക്കെ എന്‍റെ പകലുകളില്‍..

രാത്രിയില്‍ കടല്‍ക്കരയില്‍ നക്ഷത്രങ്ങള്‍ എണ്ണിക്കൊണ്ട് രണ്ടു നിഴല്‍രൂപങ്ങള്‍........
ഞാനും എന്‍റെ നീയും.....
നമുക്കു ചുറ്റും ആരൊക്കെ...... ആണെത്ര?? പെണ്ണെത്ര????
ഒത്തിരി ആള്‍ രൂപങ്ങള്‍ക്കിടയില്‍
പുകവലിയ്ക്കുന്ന പെണ്ണും അവള്‍ടെ കാമുകനും...
ഓടിപ്പോം കുഞ്ഞിനു പിറകെ പായും -
അമ്മമാരും അവരുടെ കുടുംബങ്ങളും....
പടിക്കെട്ടിലും കല്‍ബെന്ചിലുമായ് ചില ദമ്പതികള്‍...

തണുപ്പത്ത് കാല്പ്പന്തുകളിക്കും
വല്യ ചെക്കന്മാരും അവരുടെ അലര്‍ച്ചകളും...
കടല്‍ ശാന്തം....തീരത്ത് അലയുന്ന മനസ്സുകളും???
കാഴ്ചയും കേള്‍വിയും മൂടുന്നു...ഈ മഞ്ഞിന്‍ മൂടുപടം...
ഇപ്പോഴില്ല നക്ഷത്രങ്ങളും പകുതി നഷ്ടപ്പെട്ട ചന്ദ്രനും...
ആകെ തണുപ്പ് മാത്രം...മൂക്കിന്‍ തുമ്പത്ത് ഐസ് ഉരുട്ടി വച്ചത് പോലുണ്ട്...
ഇനി തിരികെ ഞങ്ങളുടെ മാളത്തിലേയ്ക്ക്
തിരകള്‍ കാതോര്‍ക്കുന്ന കടലോരത്ത് നിന്നു യാത്രയാവാം ഇനി..."

Thursday, September 4, 2008


അലതല്ലും ഈണം മനസ്സില്‍.....


അകലുന്നു മോഹത്തിന്‍ രാഗം .....


നിറമിഴികള്‍ ഒരുപാടു തവണയായ് കാണുന്നു


പിരിയുന്ന വഴിയില്‍ അങ്ങിങ്ങായ്‌.



ഒരു നീല വിഷപുഷ്പം ഇന്നീ വഴിയില്‍,


ഒരു പടുമരത്തിന്‍ ചോട്ടിലായ് കണ്ടു ഞാനും ,


ഗന്ധം പരത്തുന്നു ചുറ്റിലും ,തീക്ഷ്ണമായ്,


ഉടലുകള്‍ എരിയുന്ന തീക്ഷ്ണഗന്ധം .



വിങ്ങലുകള്‍ ,വിഹ്വലതകള്‍ ,തീരാക്കിനാവുകള്‍,


തളയിട്ട കാല്‍കളും,കരിവള ക്കൈകളും


എരിയുന്നു,ചിതകളില്‍ എരിയുന്നു ചുറ്റിലും ,


ഒരു പേക്കിനാവില്‍ പകച്ചു പോയിന്നും ഞാന്‍.

Sunday, May 18, 2008

എന്‍റെ ചിന്തകള്‍....

പുകമറയില്‍ തിരയുവതേതു പുണ്യം??
കൂട്ടലും കിഴിക്കലും നടത്തി പലവുരു...
മന കണ്ണിലാകവേ തിമിരം പിടിച്ച പോല്‍...
കനവില്‍ കലക്കങ്ങള്‍ മാത്രം .
തെളിവാര്‍ന്ന ചിത്രങ്ങള്‍ ഒന്നുമില്ലിന്നിവിടെ...
തിരിഞ്ഞൊന്നു നോക്കവേ,കാഴ്ചകള്‍ ഒന്നോന്നാ-
യോടി ഒളിയ്ക്കുന്നു..ഇരുളിന്‍ മായ കണ്ണാടി തന്നിലായ്‌..
ഓര്‍മ്മക്കിളികള്‍ തന്‍ ചിറകടി ഒച്ച...
ദൂരേയ്ക്ക്..അങ്ങ് വിദൂരതയിലേയ്ക്കു പറന്നകലുന്ന പോലെ..
കാതുകളിലും കണ്ണുകളിലും ആശയക്കുഴപ്പത്തിന്‍കരിമ്പട്ടകെട്ടിയ പോല്‍...
എല്ലാം എന്നെ വിട്ടകലെയ്ക്ക്...
വളരുന്ന അകലങ്ങളും ഇരുളും മാത്രം ബാക്കിയായ പോല്‍...
ചെമക്കും ചക്രവാളം പുണരാന്‍ കൊതിച്ച്‌
ചിറകുകള്‍ വിരിച്ചതാ ദൂരേയ്ക്ക് പറക്കുന്നു..
ഏതോ സീമയിലെ ചെമപ്പ് കൊതിച്ച്‌ ,അവിടെ തങ്ങി നില്ക്കും
പൊട്ടു പോല്‍ കാണും ചരട് പൊട്ടിയ പട്ടങ്ങളായ്
എന്‍റെ ചിന്തകള്‍ .....
എന്നെ തനിച്ചാക്കി പറന്നകലും എന്‍റെ ചിന്തകള്‍....

Thursday, May 8, 2008

എന്‍റെ രാഗം

തപ്തരാഗം ഊറുമെന്‍ മുരളിയില്‍ ....


വിരിയുമേതോ സ്വരപല്ലവി പോലെ,


മൌനരാഗം പോഴിക്കുമെന്‍ ഹൃദയമേ


അറിഞ്ഞ്ഞ്ഞിരുന്നീലയോ ശ്രുതികെട്ട രാഗത്തെ.


ജീവരാഗങ്ങളില്‍ ഒന്നു കേട്ടീടവേ


ഉരുകിയിരങ്ങുമെന്‍മനതാരിലാകവേ


നിറയുന്നു രാഗം,പാടാത്ത രാഗം...


കേള്‍ക്കാത്ത താളത്തില്‍ ഈ മനസ്സിന്‍റെ രാഗം....

Saturday, April 26, 2008

വെറുതെ .....

ഒരു കറുത്ത നിഴലിന്‍ ചുവട്ടിലായ്
നീണ്ടുവിണ്ടുകീറിയ ഭൂമി തന്‍ മാറിലേ-
യ്കൊഴുകിയിറങ്ങും ലാവാപ്രവാഹമായ്
സ്വപ്‌നങ്ങള്‍ പേറും ആത്മാക്കള്‍.....
വേഗത്തെ പുണരാന്‍ കൊതിച്ച്
ഓടിയോടി തളരും ജീവിതങ്ങള്‍
ഒടുവിലെങ്ങുമെത്താതെ എന്തൊക്കെയോ
കനവുകളും പേറി കൊഴിഞ്ഞു പോകും
പൂക്കളായ് ഒഴിഞ്ഞു പോകുന്നു എവിടെയ്കോ ..
ആരുമാരുമാകാതെ...എവിടെയ്കോ പോകുന്നു...
എവിടെയ്കോ...ആരോരുമറിയാതെ ....

Wednesday, August 29, 2007

ഓണം കഴിഞ്ഞൂ....

ഓണം കഴിഞ്ഞൂ....

കൊഴിഞ്ഞ കുറേയേറെ ഓര്‍മ്മകള്‍..

ഓണപ്പാട്ടില്ല...

ഓണത്തുമ്പിയും

ഓണക്കളിയുമില്ല...

ഓണപ്പൂക്കളും

പൂക്കളവുമില്ല..

ഇല്ലൊട്ടു നേരവുമതോര്‍ക്കാന്‍ പോലും

അല്ലേല്‍ തന്നെ ഓര്‍ക്കലൊക്കെ

ബുദ്ധിജീവികള്‍ക്കല്ലേ???

ജീവിതത്തെ "ജീവിതം"ആക്കാന്‍

നോക്കണ നമുക്കെന്തോര്‍മ്മ!!!

പക്ഷെ!!!!!

ഓര്‍മ്മകള്‍ പോലും

അന്യമാകുന്ന "നമ്മള്‍"

നഷ്ടപ്പെടലിന്‍റെ ശൂന്യത

അറിയാതെ....

അറിഞ്ഞു കൊണ്ടറിയാതെ.....

പരസ്പരം മറന്നു പോയ

നമ്മള്‍....
എന്‍റെ ജനല്‍പ്പാളിയിക്കുമപ്പുറം
തകര്‍ത്തുപെയ്യുന്ന കര്‍ക്കിടകമഴ...
ആ മഴയില്‍ ഒരു മഴത്തുള്ളിയാകാന്‍കൊതിക്കുന്ന ഞാനും
എന്‍റെ സ്വപ്നങ്ങളും.....
ഒരു മഴത്തുമ്പിയെപ്പോലെ പാറിപ്പറക്കുന്ന മനസ്സേ...
കൊഴിയാതിരിക്കുമോ ഒരുനാളില്‍നിന്‍റെ ലോലമാം ചിറകുകള്‍....
അന്ന് നീ അറിയാതിരിക്കട്ടെ കൈവിടും ജീവന്‍റെ നൊമ്പരം....